അടുത്തില
അടുത്തില
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി, ഏഴോം എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന സാമാന്യം വലിയൊരു ഗ്രാമമാണു് അടുത്തില. അടുത്തില എന്ന സ്ഥലനാമം അടുത്ത കച്ചിലയുടെ രൂപമാറ്റമാണെന്നും അതു് ചാലിയരുടെ ഒരു കേന്ദ്രമാണെന്നും പറയപ്പെടുന്നു. പയ്യന്നൂർപ്പാട്ടിൽ പരാമർശിക്കുന്ന കച്ചിൽപട്ടണം അടുത്തിലയാണെന്നൊരു വാദഗതി നിലവിലുണ്ട്.
അടുത്തിലയുടെ വടക്കു് ഭാഗത്തുകൂടിയാണു് രാമപുരം പുഴ ഒഴുകുന്നത്. തെക്കു-പടിഞ്ഞാറു ഭാഗത്തായി മാടായി പാറയും സ്ഥിതി ചെയ്യുന്നു.
ചരിത്രം
കോലത്തിരി രാജവംശത്തിന്റെ പൂർവ്വികരും മൂഷികവംശം, കോലവംശം എന്നൊക്കെ അറിയപ്പെട്ടിരുന്നതുമായ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഏഴിമല. ഈ നാട്ടുരാജ്യത്തിൽ പെട്ടിരുന്ന അടുത്തില, പിൽക്കാലത്ത് ആ രാജവംശത്തിന്റെ സുപ്രധാന ആസ്ഥാനമായി മാറി. അടുത്തില കോവിലകങ്ങൾ എന്നറിയപ്പെട്ടിരുന്ന ഉദയമംഗലം കോവിലകവും പള്ളിക്കോവിലകവും അടുത്തില ആസ്ഥാനമാക്കിയായിരുന്നു രാജ്യഭരണം നടത്തിയിരുന്നതു്. 13-ാം നൂറ്റാണ്ടിനു ശേഷം ഏഴിമലയുടെ പ്രാധാന്യം തീരെയില്ലാതാവുകയും, അടുത്തില കോവിലകങ്ങൾ ശക്തിയാർജ്ജിക്കുകയും ചെയ്തു.
പാരമ്പര്യമനുസരിച്ച് കോലത്തിരിയുടെ മന്ത്രിസ്ഥാനം മുരുക്കഞ്ചരി കുടുംബാംഗങ്ങൾക്കും, സൈന്യാധിപസ്ഥാനം ചിറ്റോട്ടു കുരുക്കൾക്കും, ധനകാര്യം മാവില നമ്പ്യാർക്കും അവകാശപ്പെട്ടതായിരുന്നു. ഈ തറവാടുകളും അടുത്തില കോവിലകങ്ങളും ഉൾപ്പെടെ പത്തോളം ഭൂപ്രഭുക്കന്മാർ അടുത്തില പ്രദേശത്തുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ തൊഴിൽ സ്ഥാപനങ്ങൾ ആരംഭിക്കാൻ നാടുവാഴിക്കോവിലകങ്ങൾ തയ്യാറായി. കോട്ടക്കൽ ഉണ്ടായിരുന്ന ചൂടിക്കമ്പനിയുടെയും ഇല്ലംപറമ്പിലുണ്ടായിരുന്ന നെയ്ത്തുകമ്പനിയുടെയും സ്ഥാപകർ ഇവരായിരുന്നു. ഭൂപ്രഭുക്കന്മാരായ ജന്മികുടുംബങ്ങൾ, ഇവരിൽനിന്നും ഭൂസ്വത്തുകൾ സമ്പാദിച്ച ചെറുകിട ജന്മിമാർ, ജന്മിമാരിൽനിന്നും ഭൂമി മൊത്തമായി ഏറ്റുവാങ്ങി വാക്കാൽചാർത്തുപ്രകാരം പാവപ്പെട്ടവരെ ഏൽപ്പിച്ച് വൻകിട ലാഭം കൊയ്യുന്ന മധ്യവർത്തികളായ കാർഷിക മുതലാളിമാർ, ജന്മിമാരിൽ നിന്നും മധ്യവർത്തികളിൽ നിന്നും കൃഷിഭൂമി ഏറ്റുവാങ്ങിയ കുടിയാന്മാർ, സ്വന്തമായി ഒരു തുണ്ടുഭൂമി പോലും ഇല്ലാത്ത കർഷകത്തൊഴിലാളികൾ എന്നിങ്ങനെയായിരുന്നു അടുത്തില പ്രദേശത്തെ ജനങ്ങളുടെ വകതിരിവു്.
സാമ്പത്തിക, ചൂഷണത്തിനും, ജാതി മേലാളപീഡനങ്ങൾക്കുമെതിരെ സംഘടിതമായ ചെറുത്തുനിൽപ്പ് മലബാറിൽ, പ്രത്യേകിച്ച് ചിറയ്ക്കൽ താലൂക്കിൽ 1930-കളുടെ അവസാനത്തോടുകൂടിത്തന്നെ ആരംഭിച്ചു. അതിന്റെ അലയൊലി അടുത്തിലയിലും അക്കാലത്തുതന്നെയുണ്ടായി. 1933-ലെ ശ്രീ കൂർമ്പക്കാവ് സംഭവം ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. സാമ്രാജ്യത്വഭരണത്തിനും, ജന്മി-നാടുവാഴി ചൂഷണത്തിനുമെതിരെ ചിറയ്ക്കൽ താലൂക്കിൽ കർഷക പ്രസ്ഥാനം രൂപം കൊണ്ടതിന്റെ ആവേശം അടുത്തിലയിലും അലയടിച്ചു. സ്വാതന്ത്ര്യസമരപ്പോരാളികളായിരുന്ന വിഷ്ണു ഭാരതീയൻ, കേരളീയൻ, കെ.പി.ആർ.ഗോപാലൻ, കെ.വി.നാരായണൻ നമ്പ്യാർ എന്നിവർ കൃഷിക്കാരെ സംഘടിപ്പിക്കുവാൻ പലപ്പോഴായി ഇവിടെ വന്നിരുന്നു.
കൈത്തറി, ഖാദി എന്നിവ ഇവിടുത്തെ ചെറുകിട വ്യവസായമാണ്.
അതിരുകൾ
വടക്ക് :രാമപുരം
തെക്ക് :എരിപുരം
പടിഞ്ഞാറ്:വയലപ്ര
കിഴക്ക് :അതിയടം