പട്ടുവം ഗ്രാമപഞ്ചായത്ത്

Pattuvam Grama Panchayath


കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പട്ടുവം ഗ്രാമപഞ്ചായത്ത്. പട്ടുവം വില്ലേജുപരിധിയിലുൾപ്പെടുന്ന പട്ടുവം ഗ്രാമപഞ്ചായത്തിനു 16.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 12 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് ഏഴോം പഞ്ചായത്തും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കണ്ണപുരം, ചെറുകുന്നു പഞ്ചായത്തുകളും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ഏഴോം, ചെറുകുന്നു പഞ്ചായത്തുകളുമാണ്. 1955-ലാണ് പട്ടുവം റവന്യു വില്ലേജ് അടിസ്ഥാനമാക്കിയുള്ള പട്ടുവം പഞ്ചായത്ത് രൂപീകൃതമായത്. 1979 ഒക്ടോബർ 1-നാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുഭരണസമിതി നിലവിൽ വന്നത്.


വാർഡുകൾ

  1. മുതുകുട
  2. കാവുങ്കൽ
  3. മാണുക്കര
  4. മംഗലശ്ശേരി
  5. മുറിയാത്തോട്‌
  6. പരപ്പൂൽ
  7. വെള്ളിക്കീൽ
  8. അരീയിൽ
  9. മുള്ളൂൽ
  10. കൂത്താട്ടു
  11. കുന്നരു
  12. പടിഞ്ഞാറെച്ചാൽ
  13. വെളിച്ചാങ്കീൽ

ചരിത്രം

 പട്ടുവം, ചിരപുരാതനമായൊരു സംസ്കാരം സ്വന്തമായുള്ള പ്രദേശമാണ്. പ്രാചീനകാലത്ത് ഏഴിമല ആസ്ഥാനമായി ഭരിച്ച മുഷിക രാജവംശത്തിന്റെ കീഴിലായിരുന്നു പട്ടുവമെന്ന് പറയപ്പെടുന്നു. അക്കാലത്തിവിടെ ധാരാളം പട്ടുനൂല്‍പുഴുവളര്‍ത്തല്‍ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും, അതിലൂടെ പട്ടുനൂലും, പട്ടും ഉണ്ടാക്കിയിരുന്നതിനാലാണ് ഈ ഗ്രാമത്തിനു പട്ടുവം എന്ന പേരു കിട്ടിയതെന്നും അഭിപ്രായമുണ്ട്. ഐതിഹ്യകഥാപാത്രമായ പരശുരാമനുമായി ബന്ധപ്പെട്ടും പട്ടുവം എന്ന സ്ഥലനാമത്തെപ്പറ്റി മറ്റൊരഭിപ്രായം ഉയരുന്നുണ്ട്. പരശുരാമന്‍ കേരളത്തിനെ അറുപത്തിനാലു ഗ്രാമങ്ങളായി വിഭജിച്ചു ബ്രാഹ്മണരെ വാഴിച്ച കാലത്ത് പട്ടുവം പെരിഞ്ചല്ലൂര്‍ ഗ്രാമത്തിനുള്ളില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു(ഇന്നത്തെ തളിപ്പറമ്പ് നഗരസഭ ഉള്‍പ്പെടുന്ന പ്രദേശം)വത്രെ. മംഗലശ്ശേരിയിലെ കുളൂല്‍ കുന്നില്‍ നിന്നും പടിഞ്ഞാറോട്ടു നോക്കിയവര്‍ കണ്ടത് പട്ടുപോകുന്ന (പൂണ്ടുപോകുന്ന) പ്രദേശത്തെ ആണെന്നും അതുകൊണ്ട് പട്ടുപോകുന്ന പ്രദേശത്തിനു പട്ടുവം എന്നു പേരു വിളിച്ചുവെന്നുമാണ് പറയപ്പെടുന്നത്. കേരളത്തില്‍ രാമായണം കൊത്തുവള ഉണ്ടാക്കാനറിയുന്ന ചുരുക്കം ചില വിദഗ്ദ്ധരുടെ ആവാസകേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ് മുള്ളൂല്‍. കേരളത്തിലെ ഏഴു പ്രധാന നാഗക്ഷേത്രങ്ങളിലൊന്നായ കയ്യത്ത് നാഗക്ഷേത്രം ഈ പഞ്ചായത്തിലാണ്. മുപ്പതു ഏക്കറോളം വിസ്തീര്‍ണ്ണമുള്ളതും അത്യപൂര്‍വവുമായ ഔഷധച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്നതുമായ ഒരു വനപ്രദേശമാണ് ക്ഷേത്രപരിസരം. പഴയ നാടുവാഴി രാജാക്കന്മാര്‍ക്ക് വിരോധമുണ്ടായിരുന്നവരെ കൊല്ലാന്‍ അധികാരമുണ്ടായിരുന്നതിന്റെ സൂചനയായി ഐവര്‍കൊല്ലിക്കെട്ട് എന്ന പ്രദേശം ഇന്നും നിലനില്‍ക്കുന്നു. 1930 കാലത്ത് വടക്കേ മലബാറില്‍ സിദ്ധസമാജസ്ഥാപകനായ സ്വാമി ശിവാനന്ദ പരമഹംസരുടെ പ്രവര്‍ത്തനഫലമായി ജാതിചിന്തകള്‍ക്കും വിഗ്രഹാരാധനകള്‍ക്കുമെതിരായി ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ മുള്ളൂല്‍ പ്രദേശത്തു നടന്നിരുന്നു. തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് എന്നിവ ഇടകലര്‍ത്തിയുള്ള കൃഷിരീതിയായിരുന്നു പണ്ടുമുതല്‍ ഇവിടെ നിലനിന്നിരുന്നത്. 1929-ലെ മലബാര്‍ കുടിയായ്മ നിയമമനുസരിച്ചാണ് കൈവശക്കാരന് ആദ്യമായി ഭൂമിയില്‍ അവകാശം ലഭിച്ചത്. വയലില്‍ കതിരു കാണുമ്പോള്‍ കര്‍ക്കിടകം 16-നു ശേഷം നറുക്കുക എന്നാരു ചടങ്ങുണ്ട്. അടുത്തക്ഷേത്രത്തില്‍ നറുക്കുന്ന ദിവസമാണ് വീടുകളിലും നറുക്കാറ് പതിവ്. നൊറോലം (ചില പച്ചിലകള്‍) പത്തും, വിരിഞ്ഞ കതിരും ചേര്‍ത്തു പൂജിച്ച്, ഭക്തിയോടെ വീടുകളിലും, ഫലവൃക്ഷങ്ങളിലും ആലകളിലും കെട്ടുന്നു. കൊയ്യുന്നതും നല്ല സമയം നോക്കിവേണം. വിളഞ്ഞ നെല്ല് പെരുക്കി കാഞ്ഞിരത്തിന്റെ ഇലയില്‍ കൂട്ടിക്കെട്ടി വീട്ടില്‍ നിറവിളക്കിന് മുമ്പില്‍ കതിര്‍കൊണ്ടുവെക്കുന്നു. പൂന്നെല്ല് പുഴുങ്ങാനും സമയം നോക്കണം. പുഴുങ്ങുന്ന പാത്രത്തിന് പൊലുവള്ളി കെട്ടാറുണ്ട്. പുതിയരി ഭക്ഷിക്കാന്‍ പുത്തരിസദ്യയുണ്ട്. അതിനും നല്ല സമയം നോക്കണമായിരുന്നു. സദ്യയ്ക്കു അടുത്ത വീട്ടുകാരെയും ക്ഷണിക്കും. സദ്യ വിഭവസമൃദ്ധമാണ്. എല്ലാറ്റിനും ദൈവീകപരിവേഷം നല്‍കിയിരുന്നു. നെല്ലിനെ മഹാലക്ഷ്മിയായി കരുതി മാനിച്ചിരുന്നു. ആ പരിശുദ്ധി നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. വിത്തിട്ട വയലില്‍ ചെരുപ്പുപയോഗിച്ച് നടക്കാറില്ലായിരുന്നു. കളത്തിലും ഇറങ്ങാറു പതിവില്ല. പുഞ്ചപ്പാടത്ത് കന്നുപൂട്ട് കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ഹരമായിരുന്നു. ഇന്ത്യന്‍ നവോത്ഥാനത്തോടൊപ്പം അലയടിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കേരളസംസ്ഥാനത്തിന്റെ ഉത്തരഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കൊച്ചുകുട്ടനാട്ടിലും പ്രതിഫലിച്ചു. 1902-ല്‍ ചെറുകുന്ന് ഒതയമ്മാടത്ത് സ്ഥാപിതമായ എലിമെന്ററി സ്ക്കൂള്‍ ആയിരുന്നു, പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനം. ഈ വിദ്യാലയമാണ് ഇന്ന് പട്ടുവം യു.പി.സ്കൂളെന്നറിയപ്പെടുന്നത്. 1918-ല്‍ കയ്യം തടത്തില്‍ സ്ഥാപിച്ചതാണ് രണ്ടാമത്തെ സ്കൂള്‍. ഈ സ്കൂള്‍ 1920 മുതല്‍ അരിയില്‍ ഈസ്റ്റ് എല്‍.പി.സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നു. 1918-ല്‍ തന്നെയാണ് മുള്ളൂല്‍ കേന്ദ്രമായി ഒരു എല്‍.പി.സ്കൂള്‍ സ്ഥാപിതമാകുന്നത്. പട്ടികജാതിക്കാര്‍ക്ക് വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടുവം കച്ചേരിക്കു തെക്കുള്ള ഒരു സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ ആരംഭിച്ച വിദ്യാലയമാണ് ഗവ.ഹരിജന്‍ വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍ എന്ന പേരില്‍ എടമൂട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പട്ടുവംകടവ് ഭാഗത്തുള്ള മുസ്ളീം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി 1926-ല്‍ സ്ഥാപിച്ചതാണ് പട്ടുവം കടവിലുള്ള ഗവ.എല്‍.പി.സ്ക്കൂള്‍. 1957 മാര്‍ച്ച് 6-നായിരുന്നു മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഇന്നത്തെ അരിയില്‍ ഗവ.എല്‍.പി.സ്ക്കൂള്‍ നിലവില്‍ വന്നത്. 1950 ജൂണ്‍ 1-നാണ് ഇന്നത്തെ മുതുകുട എല്‍.പി. സ്ക്കുള്‍ പ്രവര്‍ത്തനമാരംഭിച്ചത്. പട്ടുവം ഗ്രാമവാസികളുടെ ചിരകാലാഭിലാഷമായ ഒരു ഗവ.ഹൈസ്ക്കൂളിന് തുടക്കം കുറിച്ചത് 1981 ഡിസംബര്‍ 29-നാണ്.

സാംസ്കാരികചരിത്രം

സമ്പന്നമായ ഒരു സാംസ്കാരിക പശ്ചാത്തലം ഈ പഞ്ചായത്തിനുണ്ട്. നിലവിലുള്ള നാല്‍പതോളം കലാ-സാംസ്കാരിക സംഘടനകളുടെ പ്രവര്‍ത്തനം ഈ പഞ്ചായത്തിന്റെ സാംസ്കാരികമണ്ഡലത്തെ സമ്പുഷ്ടമാക്കുന്നു. കുറുന്തിനി, ഗന്ധര്‍വന്‍പാട്ട്, തിരണ്ടുകല്യാണം, മന്ത്രിച്ചുകെട്ട്, ജപിച്ച് ഊതല്‍, കണ്ണേറുപാട്ട്, വണ്ണാത്തി മാറ്റ്, പുലയര്‍ കളി, കേളിപാത്രം, വേടന്‍ തുടങ്ങിയവ ഇവിടുത്തെ പ്രധാന ആചാരാനുഷ്ഠാനങ്ങളാണ്. വടക്കേ മലബാറില്‍ മാത്രം കണ്ടുവരുന്ന (കോരപ്പുഴയ്ക്ക് വടക്ക്) ഒരനുഷ്ഠാനകലയായ തെയ്യം അതിന്റെ സമസ്തസൌന്ദര്യത്തോടും കൂടി ഈ പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. തുലാം പത്തു മുതല്‍ക്കാണ് യഥാര്‍ത്ഥത്തില്‍ അനുഷ്ഠാന കലകളായ തെയ്യം, തിറ കളിയാട്ടങ്ങള്‍ ആരംഭിക്കുന്നത്. ഗ്രാമത്തിന്റെ പടിഞ്ഞാറ്, പഴയങ്ങാടി പുഴയ്ക്കപ്പുറത്തുള്ള മാടായിക്കാവിലെ കളിയാട്ടത്തോടെ (കലശം) അവസാനിക്കുന്നു. പഞ്ചായത്തിലെ ആരാധനാലയങ്ങളില്‍ കണ്ടുവരുന്ന പ്രധാന തെയ്യങ്ങള്‍ ശൈവ, വൈഷ്ണവ, ശാക്തേയ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. കേരളത്തിലെ പ്രധാനപ്പെട്ട സര്‍പ്പക്കാവുകളിലൊന്നായ കയ്യത്ത് നാഗക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഉത്തരകേരളത്തിലെ ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കൂടാതെ ഈ പ്രദേശം നിരവധി 

ഔഷധസസ്യങ്ങളുടെ കലവറ കൂടിയാണ്. പഞ്ചായത്തിന്റെ സാംസ്ക്കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകമായി നിലനില്‍ക്കുന്ന ഒരു പ്രാചീന കലാരൂപമാണ് പുള്ളുവന്‍പാട്ട്. മന്നപാല മഹര്‍ഷി തന്റെ മകള്‍ക്ക് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു നല്‍കിയതാണത്രെ ദേവമുരുടും (പുള്ളുവക്കുടം), മണിവീണയും. 1950-60-കളില്‍ ഉദ്ബുദ്ധരായ ഇവിടുത്തെ നാട്ടുകാര്‍ നാട്ടുവായന എന്ന പേരില്‍ ഒത്തുചേര്‍ന്ന് വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇന്നത്തെ സാംസ്കാരിക സംഘടനകളുടെ തുടക്കമായി ഇതിനെ കാണാവുന്നതാണ്. 1950-കാലഘട്ടത്തിലാണ് പട്ടുവം പഞ്ചായത്തില്‍ ആദ്യമായി ഒരു ഗ്രന്ഥശാല ആരംഭിച്ചത്. ഇത് ദേശപോഷണി വായനശാല മുള്ളൂല്‍ എന്നറിയപ്പെടുന്നു. അതിനുശേഷം 1956-ല്‍ ഗാന്ധിസ്മാരക വായനശാല പട്ടുവത്തും ഏ.വി.കൃഷ്ണന്‍ സ്മാരക വായനശാല പറപ്പൂരും സ്ഥാപിതമായി.

This website owned by Payangadi Live Online