PAYANGADI WEATHER

ഏഴോം ഗ്രാമ പഞ്ചായത്ത്


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ പഞ്ചായത്ത് എഴോം പഞ്ചായത്താണ്. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് ഏഴോം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏഴോം വില്ലേജു പരിധിയില്‍ ഉള്‍പ്പെടുന്ന ഏഴോം ഗ്രാമപഞ്ചായത്തിനു 21 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

 പഞ്ചായത്തിന്റെ അതിരുകള്‍ 


കിഴക്കുഭാഗത്ത് പരിയാരം പഞ്ചായത്തും,

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും

വടക്കുഭാഗത്ത് ചെറുതാഴം, പരിയാരം പഞ്ചായത്തുകളും


പടിഞ്ഞാറുഭാഗത്ത് മാടായി, ചെറുകുന്ന് പഞ്ചായത്തുകളും


തെക്കുഭാഗത്ത് കുപ്പം, ചെറുകുന്ന് പഞ്ചായത്തുകളും പഴയങ്ങാടി പുഴയുമാണ്


ഏഴോം എന്ന സ്ഥലനാമം തന്നെ ഏഴിമല കോവിലകവുമായി ബന്ധപ്പെട്ടുണ്ടായതാണ്. ഏഴിമല രാജാവായിരുന്ന ശതാസോമനാല്‍ സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ തളിപ്പറമ്പ് ശിവക്ഷേത്രത്തിനും കോലത്തിരിരാജാക്കന്മാരുടെ കുടുംബക്ഷേത്രമായ മാടായിക്കാവിനും (തിരുവര്‍ക്കാട്ട് കാവ്) മധ്യേ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലായിരുന്നു കോലത്തിരി രാജവംശത്തിന്റെ ആസ്ഥാനങ്ങളായിരുന്ന ഉദയമംഗലം കോവിലകവും പള്ളിക്കോവിലകവും നിലനിന്നിരുന്നത്.



വാർഡുകൾ



  1. കണ്ണോം
  2. കൊട്ടില
  3. ഓണപ്പറമ്പ്
  4. നരിക്കോട്
  5. പാറമ്മൽ
  6. കൊട്ടക്കീൽ
  7. എഴോം
  8. എഴോം മൂല
  9. ചെങ്ങൽ
  10. പഴയങ്ങാടി
  11. എരിപുരം
  12. അടുത്തില
  13. നെരുവമ്പ്രം
  14. കാനായി



കുന്നുകളും കുന്നിന്‍ചെരിവുകളും തീരപ്രദേശങ്ങളുമായി 21 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രാമമാണ് ഏഴോം. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിയില്‍ നിന്നുത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന കുപ്പം-പഴയങ്ങാടിപ്പുഴ 10 കിലോമീറ്ററോളം ഈ ഗ്രാമത്തെ തഴുകിയൊഴുകുന്നു. നിരവധി കൈവഴികളാല്‍ ഗ്രാമത്തെ ജലസമ്പുഷ്ടമാക്കി കിഴക്കുപടിഞ്ഞാറായി ഒഴുകുന്ന പുഴയും സമാന്തരമായി പടര്‍ന്നു കിടക്കുന്ന കുന്നിന്‍സമുച്ചയവും ഈ പഞ്ചായത്തിന്, കേരളത്തിന്റെ ഭൂപ്രകൃതിദൃശ്യവുമായി സമാനത തോന്നിപ്പിക്കുന്നു. മലമ്പ്രദേശങ്ങളുടെ സാമാന്യസ്വഭാവം പുലര്‍ത്തുന്ന, ചെറുതും വലുതുമായ നിരവധി കുന്നുകള്‍ ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.

നോക്കെത്താദൂരത്ത് പടര്‍ന്നുകിടക്കുന്ന വയലേലകള്‍ ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷതയാണ്. തെങ്ങും കവുങ്ങും മാവും പ്ളാവും വാഴയും തിങ്ങിനിറഞ്ഞ കരപ്പറമ്പുകള്‍ ഗ്രാമത്തെ ഐശ്വര്യസമ്പൂര്‍ണ്ണമാക്കുന്നു.



ചരിത്രം

ഒരു കാലത്ത് കണ്ണൂര്‍ജില്ലയിലെ നെല്ലറ എന്നറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഏഴോം. ചിറയ്ക്കല്‍ താലൂക്കിലെ അക്യാബ് എന്നാണ് പണ്ടുകാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കിലുള്‍പ്പെട്ട ഏഴോം വില്ലേജ് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്നത്തെ ഏഴോം ഗ്രാമപഞ്ചായത്തായി രൂപം പ്രാപിച്ചത്. 1950-ലെ മദ്രാസ് വില്ലേജുപഞ്ചായത്ത് ആക്ട് പ്രകാരം 1954-ലാണ് ഏഴോം പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഗ്രാമവികസനരംഗത്ത് സുസംഘടിതമായ പഞ്ചായത്തു ഭരണസംവിധാനം നിലവില്‍ വന്നത് 1956-ലാണ്. ടി.പി.കുഞ്ഞിരാമന്‍ ആയിരുന്നു ആദ്യപ്രസിഡന്റ്.

ദീർഘ കാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി.പി. കുഞ്ഞിരാമനെ ഈ നാടിന്റെ ഗ്രാമ പിതാവായി പ്രഖ്യാപിചിട്ടുണ്ട്.



നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്

ഡി വിമല